കാഞ്ഞങ്ങാട്: പഴയ കാലങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ പതിവിലുമേറെ മഞ്ഞും തണുപ്പുമുള്ള രാത്രിയിൽ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിൽ നാട്. പുതുതലമുറക്കാരിൽ വലിയൊരു വിഭാഗം വിദേശങ്ങളിലേക്ക് പറന്നകലുമ്പോഴും നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് പൊലിമ കുറയാതെ കാത്തുസൂക്ഷിക്കുന്ന ഇളമുറക്കാർ എല്ലായിടങ്ങളിലുമുണ്ട്. പുൽക്കൂടൊരുക്കിയും കരോൾസംഘങ്ങൾക്കൊപ്പം പാടിത്തിമിർത്തും ഓരോ നാടിനെയും ഉണർത്തുന്നത് അവരാണ്. പഴയ കാലത്തിന്റെ ഓർമകളും പുതിയ കാലത്തിന്റെ മാറ്റങ്ങളും ഒരുപോലെ ഉൾക്കൊണ്ട് മുതിർന്ന തലമുറകളും അവർക്കൊപ്പം ആഘോഷങ്ങളിൽ പങ്കാളികളാകുന്നു.
ഭീമനടി: ഭീമനടി ഐബിസി ക്ലബിന്റെ നേതൃത്വത്തിൽ തുടർച്ചയായ പതിമൂന്നാം വർഷവും പൊതുജനപങ്കാളിത്തത്തോടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഭീമനടി ടൗണിൽ നടത്തിയ ക്രിസ്മസ് സന്ധ്യയിൽ ജാതിമതഭേദമന്യേ നാട്ടുകാരും സമീപപ്രദേശങ്ങളിലുള്ളവരും പങ്കാളികളായി. ബസ്സ്റ്റാൻഡിനു സമീപം പുൽക്കൂടും നക്ഷത്രവും ക്രിസ്മസ് ട്രീയും ക്രിസ്മസ് കരോളും ഗാനമേളയും ഒരുക്കി. എല്ലാവർക്കും കേക്ക് വിതരണവും നടന്നു. ഭീമനടി ക്രിസ്തുരാജാ പള്ളി അസി. വികാരി ഫാ. ആൽബിൻ തോപ്പിൽ ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ എസ്ഐ മനോജ് കുമാർ കേക്ക് മുറിച്ചു. പഞ്ചായത്ത് അംഗം രജനി രാജീവൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി തോമസ് കാനാട്ട്, ബിനോ കുര്യാക്കോസ്, ജോമോൻ ജോൺ, വി.എസ്. റോയ്, ഷിജു പൂവത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
കോളംകുളം: ബ്രദേഴ്സ് കോളംകുളം കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം വർഷവും കോളംകുളത്ത് സാമൂഹിക ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് എം. രാജൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ചിത്രലേഖ, പഞ്ചായത്ത് അംഗം എ.പി. സജിത്ത് കുമാർ, രാജ്മോഹനൻ, സി.വി. ഭാവനൻ എന്നിവർ ക്രിസ്മസ് സന്ദേശം നൽകി. വി. സന്തോഷ്, വി.കെ. ഹരീഷ് എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ടൗണിൽ മനോഹരമായ പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രവും ഒരുക്കി. ക്രിസ്മസ് കരോളും അരങ്ങേറി. കേക്ക് വിതരണവും നടന്നു.